01:08am 05 June 2026
NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ് കോർപ്പറേഷൻ ചെയർമാൻമാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
04/06/2026  06:34 PM IST
സണ്ണി ലുക്കോസ്
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ് കോർപ്പറേഷൻ ചെയർമാൻമാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

കിഫ്ബിക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ധനകാര്യ വകുപ്പിനെപ്പോലും അറിയിക്കാതെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക സാമ്രാജ്യമായി കിഫ്‌ബി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരുമാനം ഉണ്ടാക്കുന്ന ഒരു പദ്ധതിയും കിഫ്‌ബി മുഖേന നടപ്പിലാക്കിയിട്ടില്ല. കിഫ്ബിയെ വലിയൊരു പ്രതിഭാസമായി അവതരിപ്പിച്ചതുകൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. പ്രാദേശിക സന്തുലിതാവസ്ഥ ഒട്ടും പരിഗണിക്കാതെയാണ് കിഫ്‌ബി ഫണ്ട് വിനിയോഗിച്ചത്. ഇതിലൂടെ വിവിധ ജില്ലകളില്‍ പണം ചെലവഴിച്ചതില്‍ വലിയ അസമത്വം രൂപപ്പെട്ടുവെന്നും, വികസന കാര്യങ്ങളില്‍ മുൻ സർക്കാരിന്റെ നയങ്ങള്‍ പൂർണ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭയില്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്താമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് സുപ്രധാന ഭരണ - സാമ്പത്തിക തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്താനും, മകള്‍ നിരഞ്ജനയ്ക്ക് ജോലി നല്‍കാൻ റവന്യൂ വകുപ്പിനോട് ശിപാർശ ചെയ്യാനും സർക്കാർ തീരുമാനിച്ചു. ഇതിനുപുറമെ, സംസ്ഥാനം മുൻപൊരിക്കലും അഭിമുഖീകരിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ 35,000 കോടി രൂപയുടെ പദ്ധതിയുള്ളതില്‍ 15,000 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. പ്ലാനിലുണ്ടായിരുന്ന തുകയില്‍ 20,500 കോടി രൂപയുടെ കുറവാണുള്ളത്. പണം ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലില്‍ മുൻ സർക്കാർ തെറ്റായ പദ്ധതികള്‍ തയ്യാറാക്കിയതാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണം. ഇത് നിലവിലെ സർക്കാരിന് മേല്‍ വലിയ അധിക ബാധ്യതയാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

ബാധ്യതകള്‍ തീർക്കാതെ ജനങ്ങളെ കബളിപ്പിക്കാനാണ് മുൻ സർക്കാർ ട്രഷറി ബാലൻസ് കണക്കുകള്‍ കാണിച്ച്‌ ഫണ്ട് ബാക്കിവെച്ചുവെന്ന് അവകാശപ്പെട്ടത്. ലഭിക്കേണ്ട തനത് വരുമാനവും യഥാർഥത്തില്‍ ലഭിച്ചതും തമ്മില്‍ വലിയ അന്തരമുണ്ട്. നിലവില്‍ സംസ്ഥാനത്തിന്റെ കടം ജിഎസ്ഡിപിയുടെ 35 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും മുകളിലാണ്. എന്നാല്‍, വികസന ചെലവ് ആകെ ചെലവിന്റെ 39.9 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img